Saturday, July 9, 2011

കൊല്ലം: ചരിത്രം , വാണിജ്യം, വിനോദം

കൊല്ലം: ചരിത്രം , വാണിജ്യം, വിനോദം


കൊല്ലം: ചരിത്രത്തിന്റെ താളുകളില്‍ കൊല്ലമെന്നത് സുവര്‍ണ ലിപികളില്‍ കുറിക്കപ്പെട്ടതാണ്. വ്യാപാരവും അധിനിവേശവും പോരാട്ടവുമെല്ലാം ഇതില്‍പ്പെടുന്നു. പ്രധാനമായും കൊല്ലത്തിന്റെ വ്യാപാരമാണ് ഏറെയും ചര്‍ച്ച ചെയ്യപ്പെടുന്നത്. പുരാതന കാലം മുതല്‍ തന്നെ വിദേശ രാജ്യങ്ങളുമായി കൊല്ലം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ചരിത്രം: കൊല്ലത്തിന് ആ പേരു ലഭിച്ചതു കൊല്ലവര്‍ഷംവുമായി ബന്ധപ്പെട്ടാണെന്ന് പറപ്പെടുന്നു. 1947 വരെ ഇവിടെ രാജ ഭരണം നില നിന്നിരുന്നു. 1805ല്‍ ബ്രിട്ടീഷ് അധിപത്യം ഉറപ്പിക്കുംവരെ ഇതു തുടര്‍ന്നു. ശേഷം ഭരണം പേരിനു മാത്രമായി ചുരുങ്ങി. 12 നൂറ്റാണ്ടു വരെ ബുദ്ധമതാനുയായികളായിരുന്നു ഭരണം നടത്തിയിരുന്നത്. ശേഷം ബ്രാഹ്മണ ക്ഷത്രിയ കരങ്ങളിലേക്ക് എത്തി ചേര്‍ന്നു. കൊല്ലത്തിന് ദേശിങ്കനാട് എന്ന പേര്‍ ലഭിച്ചത് ജയസിംഹന്‍ എന്ന ഭരണാധികാരിയുടെ കാലത്താണ്. പിന്നീട് വേണാടെന്ന് പേരും ലഭിച്ചു.
വൈദേശിക ബന്ധങ്ങളുടെ ചരിത്രമുറങ്ങുന്ന കൊല്ലം വ്യാപാര മേഖലയില്‍ കോട്ടം തട്ടാതെ തലയെടുപ്പോടെ നിലനില്‍ക്കുന്നു. വേണാടെന്നും ദേശിംഗനാടെന്നും മറ്റു വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ വാണിജ്യകേന്ദ്രം വൈദേശികാധിപത്യത്തിന്റെയും ഇസ്‌ലാമിക പ്രചാരണത്തിന്റേയും തെക്കന്‍ കേരളത്തിന്റേ കേന്ദ്രബിന്ദുവായിരുന്നു. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കേന്ദ്രമായ തങ്കശ്ശേരി കോട്ട തകര്‍ന്നും തകരാതെയും നിലനില്‍ക്കുമ്പോള്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രസ്മരണയുയര്‍ത്തി കര്‍ബലയും ദേശിംഗനാടിന്് പ്രഭ പരത്തുന്നു.
ഗ്രീക്ക്, റോമന്‍ വ്യാപാരികള്‍ ക്രിസ്തുവിന് മുമ്പും കൊല്ലവുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നത് ചരിത്ര സത്യം. സോളമന്റെ (സുലൈമാന്‍ നബി) കപ്പലുകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ കൊല്ലത്തെത്തി കുരുമുളക്, കറുകപ്പട്ട, ഏലം, ഇഞ്ചി, സ്വര്‍ണമടക്കം വാങ്ങിയിരുന്നതിനും ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷി. സഞ്ചാരികളായ ഷാഹിയാനും ഹുയാന്‍സാങ്ങുമടക്കമുള്ളവരുടെ ഗ്രന്ഥങ്ങളിലും കൊല്ലത്തിന്റെ പേരും പ്രശസ്തിയും നിഴലിക്കുന്നു. അറബി സഞ്ചാരികളുടെ രചനകളിലും ദേശിംഗനാടിന്റെ ചരിത്രമുറങ്ങുന്നു.അറേബ്യന്‍ വ്യാപാരിയായ സുലൈമാന്‍ എ.ഡി 851ല്‍ കൊല്ലത്തെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായിട്ടാണ് അദ്ദേഹം കൊല്ലത്തെ വിശേഷിപ്പിച്ചത്. പ്രമുഖ കപ്പല്‍ നിര്‍മാണ കേന്ദ്രം കൂടിയായ കൊല്ലവുമായി ഇറാഖികളും വ്യാപാരം നടത്തിയിട്ടുണ്ടെന്നത് ചരിത്രം.
കശുവണ്ടി: ഇന്ത്യയിലെ കശുവണ്ടി ഉല്‍പ്പാദനത്തിന്റെ ഏറിയപങ്കും കൊല്ലത്തു നിന്നുതന്നെ. കൊല്ലത്തിന്റെ വാണിജ്യപ്പെരുമ പ്രധാനമായും കശുവണ്ടിയുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്നു. അതിനാല്‍ കൊല്ലം ജില്ലയുടെ ഏതുകോണിലും പുക ഉയരുന്ന കശുവണ്ടി ഫാക്ടറികള്‍ ഇന്നും നിത്യകാഴ്ചകളാണ്. ജില്ലയിലെ സ്ത്രീ തൊഴിലാളികളില്‍ ഏറെയും ഇവിടെ പണിയെടുക്കുന്നവരാണ്. ഇവരുടെ അടുപ്പിലെ തീ പുകയന്നതോടൊപ്പം ജില്ലയുടെ സാമ്പത്തീക അടിത്തറകൂടി ഇതുവഴി കൈവരിക്കാനാവുന്നു.

തുറമുഖം: കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായി ഉയരാന്‍ കൊല്ലത്തെ പ്രാപ്തമാക്കാന്‍ പോന്നതാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കൊല്ലം തുറമുഖം. തീരത്തോട് ചേര്‍ന്നു കിടക്കുന്ന കൊല്ലത്തിന് ചരക്കു ഗതാഗതത്തിലും വിദേശവാണിജ്യത്തിനും പുതിയ തലമാണ് ഈ തുറമുഖം വഴി ലഭിക്കുക. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഈ വാണിജ്യ തുറമുഖം കൊല്ലത്തുകാര്‍ക്കായി തുറന്നുനല്‍കിയത്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും തുറമുഖത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ല. റോഡ് അടക്കം പ്രാഥമിക സൗകര്യമൊരുക്കുന്നതിലെ വീഴ്ചമൂലമാണ് തുറമുഖം കാര്യക്ഷമമാവാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും തുറമുഖം പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ ജില്ലയുടെ വാണിജ്യ തൊഴില്‍ രംഗങ്ങളില്‍ വന്‍ കുതിച്ചു ചാട്ടം നടക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ടൂറിസം: ടൂറിസം മേഖലയിലും അനന്ത സാധ്യതയാണ് ദേശിങ്കനാടെന്ന കൊല്ലത്തിനുളളത്. അഷ്ടമുടിക്കായലിലൂടെ ആലപ്പുഴയിലേക്കുളള യാത്രയ്ക്കുമായി നൂറുകണക്കിന് സ്വദേശ- വിദേശ വിനോദ സഞ്ചാരികളാണ് കൊല്ലത്തെത്തുന്നത്. ഇതിനായി ബോട്ട് ക്ലബും പ്രവര്‍ത്തിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇടപെടീലും ഈ മേഖലയെ സജീവമാക്കുന്നു. കൊല്ലം ബീച്ചും മല്‍സ്യതൊഴിലാളികള്‍ക്കും കപ്പലിനും മറ്റും വഴികാട്ടിയായി തങ്കശ്ശേരിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന വിളക്കുമാടവും ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രം തന്നെ. കൊല്ലം തോടിനെ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്കെത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

കായികം: കായികത്തിലും കൊല്ലത്തിന് അഭിമാനിക്കാനേറെ. ഇതില്‍ പ്രധാനപ്പെട്ടതാണ് കൊല്ലം സായി സ്‌കൂള്‍. ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സായി സംസ്ഥാന- ദേശീയ തലത്തില്‍ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ബോക്‌സിങ് ചാംപ്യന്‍ ലേഖ, ഒളിംപിക്‌സ് കോച്ച് ചന്ദ്രലാല്‍, മുന്‍ ജൂനിയര്‍ ഏഷ്യാ കപ്പിന്റെ ഗോള്‍ കീപ്പര്‍ നിയാസ് എന്നിവരെ സംഭാവന ചെയ്തതും സായിതന്നെ.
ഭരണം: ജില്ലയുടെ ഭരണം കോര്‍പറേഷനും ജില്ലാപഞ്ചായത്തുമായി തരംതിരിച്ചുനില്‍ക്കുന്നു. കോര്‍പറേഷന്‍ പരിധിയില്‍ തന്നെ ജില്ലാഭരണത്തിന്റെ എല്ലാ സിരാകേന്ദ്രങ്ങളും നിലനില്‍ക്കുന്നു. സിവില്‍ സ്റ്റേഷനുളളില്‍ കലക്ട്രേറ്റും കോടതിസമുച്ചയവുമടക്കം ഞെരുങ്ങി സ്ഥിതി ചെയ്യുന്നു. തൊട്ടുചേര്‍ന്ന് ജില്ലാ ജയിലും. റെയില്‍വെ സ്റ്റേഷന് സമീപം കോര്‍പ്പറേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നു. ഇടത് മുന്നണിയ്ക്ക് ഭരണം. സി.പി.എമ്മിലെ എന്‍ പത്മലോചനനാണ് കോര്‍പ്പറേഷന്‍ മേയര്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐയിലെ എന്‍ രാജനും. തേവളളി ബോയീസിന് സമീപത്താണ് ജില്ലാ പഞ്ചായത്ത് ഓഫിസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ കെ സോമപ്രസാദാണ്. വൈസ് പ്രസിഡന്റ് സി.പി.ഐയിലെ മന്മഥന്‍നായരാണ്. ജില്ല കലക്ടര്‍ എ ഷാജഹാന്‍.
സംസ്ഥാന ഭരണത്തില്‍ ജില്ലയില്‍ നിന്നും അഞ്ചു മന്ത്രിമാര്‍ പി കെ ഗുരുദാസന്‍, സി ദിവാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എം എ ബേബി, മുല്ലക്കര രത്‌നാകരന്‍ .
കൊല്ലം,കരുനാഗപ്പളളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിങ്ങനെ അഞ്ചു താലൂക്കുള്‍ ജില്ലയിലുണ്ട്. 12 നിയോജകമണ്ഡലങ്ങളും. ഇതില്‍ നെടുവത്തൂര്‍ മണ്ഡലം ജില്ലയ്ക്ക നഷ്ടമാകും.

No comments:

Post a Comment