Saturday, July 9, 2011

നിറംമങ്ങാത്ത കാളവണ്ടിപ്പെരുമയുമായി ദേശിംഗനാട്

കൊല്ലം: വ്യാപാരികളുടെ പറുദീസയായ ദേശിംഗനാട് കാളവണ്ടിപ്പെരുമയുടെ ചരിത്രവും നെഞ്ചിലേറ്റുന്നു. യന്ത്രപ്പുകയുടെ ഇടയിലെ ഈ ജീവന്റെ നിശ്വാസത്തിന് ദേശിംഗനാടിന്റെ വ്യാപാര ചരിത്രത്തോളം പഴക്കമുണ്ട്. ആധുനികയുഗത്തിലെ കാളവണ്ടിയുടെ 'കടകട' ശബ്ദം ഇന്നും കൊല്ലത്തിന്റെ നിത്യകാഴ്ചകളാണ്. കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഇടത്തരം വ്യാപാരികള്‍ ഇന്നും കാളവണ്ടിയെ തന്നെയാണ് ആശ്രയിക്കുന്നത്. യന്ത്രചക്രങ്ങളുടെ ഇടയിലെ ഈ തടിചക്രങ്ങള്‍ക്ക് സ്വന്തമായി ചരിത്രം തന്നെയുണ്ട്. കൊല്ലത്തെ വ്യാപാരത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്ന എ.ഡി 800 ന് മുമ്പു തന്നെ ദേശിംഗ നാടിന്റെ ചരിത്രത്തില്‍ കാളവണ്ടികള്‍ ഇടം പിടിച്ചിരുന്നു.
തെക്കന്‍ കേരളത്തിലെ വ്യാപാര കേന്ദ്രമായ കൊല്ലമെന്ന പഴയ ദേശിംഗനാടിന് സോളമന്റെ (സുലൈമാന്‍ നബി) മുമ്പ് മുതല്‍ തന്നെ വിദേശ വാണിജ്യബന്ധമുണ്ട്.
വ്യാപാര ആവശ്യത്തിനായി അറബികളും അധിനിവേശത്തിന്റെ ദുസ്സ്വപ്‌നമായി പറങ്കികളും ബ്രിട്ടീഷുകാരും സഞ്ചാരികളായി വൈദേശീയരും കൊല്ലത്തെ തന്നെയാണ് പ്രിയങ്കരമാക്കിയത് ഇതിനോട് കൂട്ടി വായിക്കാം.
വ്യാപാരത്തിനായി ഇവര്‍ കെട്ടി ഉയര്‍ത്തിയ പണ്ടകശാലകള്‍ ഇന്നും കൊല്ലത്തിന്റെ വാണിഭത്തെരുവിന്റെ തിരുശേഷിപ്പുകളാണ്. ഇതിനൊപ്പം കാലത്തിന്റെ ചരിത്രം പേറി വസന്തകാലത്തിന്റെ നേര്‍പകര്‍പ്പായി ഇന്നും കാളവണ്ടികള്‍ അവശേഷിക്കുന്നു.
ജലഗതാഗതത്തിന്റെ തുറുപ്പുചീട്ടായിരുന്ന കൊല്ലം തോടിലെ നൗകകളുടെ സാന്നിധ്യം ഇല്ലാതായിട്ട് അരനൂണ്ടാറ്റു പിന്നിടുമ്പഴും യന്ത്രയുഗത്തിലും കാളവണ്ടികള്‍ക്ക് പിടിച്ചുനില്‍ക്കാനായത് ചരിത്രത്തിന്റെ നേര്‍സാക്ഷ്യമാണ്. കൊല്ലം തോടിനെ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
എങ്കിലും സമീപകാലത്തെ സജീവ പ്രവര്‍ത്തനങ്ങള്‍ ജലഗതാഗതത്തിന്റെ പഴയകാല പ്രൗഡി തിരികെ എത്തിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. നൗകകളുടെ തിരിച്ചുവരവ് കാളവണ്ടി യുഗത്തിന്റെ സുവര്‍ണകാലത്തിന്റെ തിരിച്ചു വരവുകൂടിയാകുമെന്ന്് സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ചരിത്രത്തിന്റെ പഴയ ഓര്‍മ്മക്കുറിപ്പുകള്‍ വീണ്ടുമെത്തുമെങ്കിലും നൗകകള്‍ തുഴച്ചിലില്‍ നിന്നും യന്ത്രത്തിലേക്കാകുന്നതോടെ കൊല്ലത്തിന്റെ ചരിത്രം കാളവണ്ടികള്‍ക്ക് മാത്രമായിഅവകാശപ്പെട്ടതാകും.
കാലം നല്‍കിയ വളര്‍ച്ചയില്‍ കൊല്ലം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടുമ്പോഴും ആര്‍ക്കും ശല്യമില്ലാതെ ഈ ഇരുചക്ര വാഹനങ്ങള്‍ നാല്‍ക്കാലികളുടെ സഹായത്തോടെ നഗരത്തിന്റെ ഓരംപറ്റി ഇന്നും സഞ്ചരിക്കുന്നു. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാം ദേശിംഗനാടിന്റെ വ്യാപാരതലത്തിലെ പ്രത്യേകതയായി ഇന്നും നിലനില്‍ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും ഉള്‍നാടുകളില്‍ നിന്നും ഇന്നും പതിവ് തെറ്റാതെ എത്തുന്നവര്‍ നിരവധി.
അധിനിവേശത്തിനും വിരുദ്ധ പോരാട്ടങ്ങള്‍ക്കുമൊപ്പം ഇസ്‌ലാമിക -ക്രൈസ്തവ സന്നിവേശത്തിന്റെ കേന്ദ്രബിന്ദുവുമായി ഇന്നും ദേശിംഗനാട് ഉയര്‍ന്നു നില്‍ക്കുന്നു. കൂടെ വിസ്മരിക്കാനാവാത്ത ഒരു ചരിത്രനിയോഗം പോലെ കാളവണ്ടികളും.. ചരിത്രം സാക്ഷിയായി.

No comments:

Post a Comment